ഈ വർഷം ചലച്ചിത്രമേളകൾ ഉണ്ടാവില്ല; ദേശീയ ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം അനിശ്ചിതമായി നീളും

മുംബൈ: ഈ വർഷം നവംബർ 20 മുതൽ 28 വരെ നടത്താൻ നിശ്ചയിച്ച 51-ആം ഗോവ രാജ്യാന്തര ചലച്ചിത്രമേള ഉപേക്ഷിക്കുമെന്ന് സൂചന. ചലച്ചിത്രമേളയുടെ ജോലികൾ മാസങ്ങൾക്ക് മുൻപ് ആരംഭിക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ അത് സാധ്യമല്ല. സാമ്പത്തികപ്രതിസന്ധിയും മേള ഉപേക്ഷിക്കുന്നതിന് കാരണമായേക്കും. കൂടാതെ കൊവിഡ്-19 ലോകമാകെ നിയന്ത്രണവിധേയമാകാതെ അന്താരാഷ്ട്ര പ്രതിനിധികൾക്കും മറ്റു പ്രതിനിധികൾക്കും തിയേറ്ററുകളിലും മറ്റും ഒത്തുചേരാനുള്ള സാഹചര്യവും ഉണ്ടാകില്ല. ഇതേ കാരണങ്ങളാൽ 25-ആം തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയും നടക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്.
കൊവിഡ്-19 ഭീതിയിൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവും വൈകും. മെയ് മൂന്നിനാണ് പുരസ്കാരം പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് ബാധയും ലോക്ക്ഡൗണും തുടരുന്ന സാഹചര്യത്തിൽ പുരസ്കാര പ്രഖ്യാപനം അനിശ്ചിതമായി നീളും.
നിലവിലെ സാഹചര്യത്തിൽ ജൂറി അംഗങ്ങൾ ഒന്നിച്ചു കൂടുന്നതും സിനിമ കാണുന്നതും പുരസ്കാരം നിർണയിക്കുന്നതുമെല്ലാം പ്രായോഗികമല്ലെന്ന് കഴിഞ്ഞ വർഷത്തെ ജൂറി ചെയര്‍മാനായിരുന്ന സംവിധായകനും നിർമ്മാതവുമായ രാഹുല്‍ റവൈൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.